ദാരിദ്ര്യത്തിന്റെ മടിയില്‍ നിന്നു നൗഫല്‍ ഐ. ഐ. ടി യിലേക്ക്


“ഉസ്താദെ, എനിക്കു സ്കൂള്‍ വിഷയങ്ങളും പഠിക്കണം, അതാണു ഞാന്‍ ഇവിടെ വന്നത്” നൗഫല്‍ വളരെ ഭയപ്പാടോടെ പറഞ്ഞൊപ്പിച്ചു. ദാരിദ്ര്യത്തിന്റെ ഉമ്മറത്തു നിന്നു വയറ്റുപ്പിഴപ്പിനു വേണ്ടി നാട് വിട്ടിറങ്ങിയതു ഒരു സാമ്പ്രദായിക ദര്‍സിലേക്കായിരുന്നു. അവിടെ മതപഠനം ആരംഭച്ചെങ്കിലും ആ വിദ്യാഭ്യാസം അവന്റെ വിജ്ഞാന ദാഹത്തിനു ശമനം നല്‍കിയില്ല. പുസ്തക സഞ്ചിയും തോളില്‍ കയറ്റി പള്ളിയോരത്തു കൂടെ സ്കൂളിലേക്കു കടന്നു പോകുന്ന സമപ്രായക്കാരോട് ഒരു തരം അസൂയ അവനെ മഥിച്ചിട്ടുണ്ടാവണം. അങ്ങിനെയാണു അധികം വൈകാതെ അവന്‍ മത-ഭൗതിക സമന്വിത സിലബസ്സില്‍ പ്രവര്‍ത്തനം തുടങ്ങിയ കോളജില്‍ എത്തിപ്പെടുന്നതു.ഒരു പച്ച പാവം പയ്യന്‍ അത്ര സാമര്‍ഥ്യമൊന്നും കാണിച്ചു കണ്ടില്ലാത്തതിനാല്‍ ആരും ഗൗനിച്ചിരുന്നില്ല. എന്നാലും എ ബി സി ഡി മുതല്‍ എന്തും പഠിക്കുമ്പോള്‍ അസാമാന്യ ശ്രദ്ധയും ഉത്സാഹം കാണിച്ചിരുന്നു. ഇന്ന് നൗഫല്‍ രാജ്യത്തെ തന്നെ ശ്രദ്ധേയമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കെമിസ്ട്രിയില്‍ പോസ്റ്റു ഗ്രാജ്വേറ്റിനു അഡ്മിഷന്‍ ലഭിച്ചിരിക്കുകയാണു. കുസാറ്റില്‍ നടന്ന പ്രവേശന പരീക്ഷയില്‍ വിജയിച്ച ഏക മലയാളി വിദ്യാര്‍ഥിയായിരുന്നു താനെന്നു ഫോണില്‍ വിളിച്ച് അറിയിക്കുമ്പോഴും അവന്റെ സ്വതസിദ്ധമായ വിനയം അവന്‍ നിലനിര്‍ത്തി. അതും ആരൊക്കെ ജയിച്ചു എന്നു ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ” ഞാന്‍ മാത്രം ” എന്ന രണ്‍ടു വാക്കിലൊതുങ്ങി.

ആദ്യം ഞാന്‍ അവനെ കാണുന്നതു അവന്റെ വീട്ടുപടിക്കല്‍ വച്ചാണു. വീടെന്നാല്‍ ഒരു ചെറിയ ഓല ഷെഡ്. അടുത്ത് തന്നെ ഒരു ചെറിയ കല്ലു തറയും ഉണ്ടായിരുന്നു.ആ പഴകിയ തറയ്ക്കു അടുത്ത കാലത്തൊന്നും ഒരു മോക്ഷത്തിന്റെ ലക്ഷണമൊന്നും കണ്ടില്ല. ഒപ്പം പിതാവുമുണ്ട്പകലന്തിവരെ പണിക്കു പോയി തളര്‍ന്ന ശരീരത്തില്‍ ഒരു പ്രത്യാശയുടെ മനസ്സു ഞാന്‍ അയാളുടെ മുഖത്തുനിന്നു വായിച്ചെടുത്തു. മോനു ഉസ്താദിന്റടുത്തു പഠിക്കാന്‍ വല്ലാത്ത ആഗ്രഹമുണ്ടു. ഇന്നും ഉപജീവനത്തിനു മാതാപിതാക്കള്‍ കൂലിവേല ചെയ്താണു നൗഫലിന്റെ കുടുംബം കഴിയുന്നത്.

അറബിക് കോളജ് വിട്ടതിനു ശേഷം പിന്നെ ബിരുദ പഠനം വയനാട്ടിലെ ബത്തേരി സെന്റ് മേരീസിലായിരുന്നു. പഠനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയാല്‍ പിന്നെ വിശ്രമമില്ല. സ്കൂളിലെ വിഷയങ്ങള്‍ നാട്ടിലെ മദ്‌റസില്‍ കുട്ടീകള്‍ക്കു ടൂഷന്‍ എടുത്തു കിട്ടുന്ന പണമായിരുന്നു പഠനത്തിനു കണ്ടെത്തയത്. ഒപ്പം നാട്ടിലെ പള്ളീയില്‍ മതപഠനം തുടരുകയും ചെയ്തു.

ഇന്നു ഐ ഐ ടി റൂര്‍ക്കിയില്‍ തുടര്‍പഠന്ത്തിനു ചേരുമ്പോള്‍ മലയാളികള്‍ക്കാകമാനം അഭിമാനിക്കാം. കൊച്ചിയിലെ കുസാറ്റില്‍ മൂന്നാം റാങ്കോടെ പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും അത് വേണ്ടന്നു വെക്കുകയായിരുന്നു. സാമ്പത്തികബാധ്യതയെക്കുറിച്ചു ഉത്കണ്ടയുണ്ടെങ്കിലും റൂര്‍ക്കിയിലേക്കു വണ്ടി കയറാന്‍ തന്നെയാണു നൗഫലിന്റെ തീരുമാനം.

മുമ്പു ലോകപ്രശസ്ത സോഫ്റ്റ് വെയര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ ഡയടക്റ്റര്‍ നാരായണ മൂര്‍ത്തി ഒരിക്കല്‍ അമേരിക്കയില്‍ ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ സംബന്ധിക്കവേ പത്രക്കാര്‍ ചോദിച്ചു: ഒരു അവാര്‍ഡ് ദാനച്ചടങ്ങിനായി മാത്രം ഇത്രയും ദൂരം യാത്ര ചെയ്തു ഇവിടെയെത്തിയത് എന്തുകൊണ്ടാണു? അദ്ദേഹം പറഞ്ഞു: ഈ ചടങ്ങിനു മാത്രമായല്ല ഇവിടെയെത്തിയത്, എന്റെ മകന്‍ ഇവിടെയാണു പഠിക്കുന്നത്. ഇത് കേട്ട പത്രക്കാര്‍ കൗതുകത്തോടെ ചോദിച്ചു: മകനു പഠിക്കാന്‍ പറ്റിയ ഒരു സ്ഥാപനം അങ്ങയുടെ ഇന്ത്യയില്‍ ഇല്ലെന്നാണോ ? അദ്ദേഹം പറഞ്ഞു: “തീര്‍ച്ചയായും ഉണ്ട്, പക്ഷേ, എന്റെ മകനു അതില്‍ പ്രവേശനത്തിനു യോഗ്യതയില്ലെന്നാണു വാസ്തവം. ഇന്ത്യയിലെ ടെക്നോളജി സ്ഥാപനമായ ഐ ഐ ടിയില്‍ അവന്‍ രണ്ടു വര്‍ഷം പ്രവേശന പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല; അങ്ങനെയാണു ഞാന്‍ അവനെ ഇവിടെ പഠനത്തിനു ചേര്‍ത്തിയത്”.

എന്നാല്‍ നൗഫലിനു ആ മോഹം പൂവണിയുകയാണു. വയനാട് ജില്ലയിലെ എ സ്. കെ എസ് എസ്. എഫിന്റെ സജീവ പ്രവര്‍ത്തകനയ നൗഫലിനു കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ യാത്രയപ്പ് നല്‍കി. യു. എ. ഇയിലുള്ള സുന്നി പ്രവര്‍ത്തകരുടെ സഹായ വാഗ്ദാനത്തിലാണു നൗഫലിന്റെ പ്രതീക്ഷയൊക്കയും. ഈ പഠനയാത്ര സഫലമാവാന്‍ പ്രാര്‍ഥിക്കണമെന്നാണു എപ്പോഴും നൗഫലിനു ആവശ്യപ്പെടാനുള്ളത്.

Publications







Copyright © 2010 Kerala Islamic Room. All Rights Reserved.

Powered by